പണ്ട്, വളരെ പണ്ട് ഒരു നാട്ടില്‍ ഒരു വേട്ടക്കാരന്‍ വന്നു താമസിച്ചു. അല്ലറ ചില്ലറ കൃഷിയുമായി ജീവിച്ചിരുന്ന അവിടത്തെ കര്‍ഷകര്‍ ആദ്യം ഒന്ന് ഭയന്നുവെങ്കിലും പിന്നീട് അയാളുമായി കൂട്ടായി. വേട്ടക്കാരന്‍ വിളകള്‍ തിന്നാന്‍ വരുന്ന മൃഗങ്ങളെ പിടിച്ചും, മറ്റും നാട്ടുകാരുടെ കണ്ണിലുണ്ണിയായി. ആയിടയ്ക്ക് വേട്ടക്കാരന്റെ കൂട്ടുകാരില്‍ ചിലര്‍ അയാളോടൊപ്പം വന്നു താമസമായി. അവര്‍ ആ നാട്ടിലെ കുട്ടികളെ വേട്ടയാടാനും, മൃഗങ്ങളെ പറ്റിയും ഒക്കെ പഠിപ്പിച്ച് കൊടുത്തു. അങ്ങനെ ആ നാട്ടിലെ പല മിടുക്കന്മാരും വേട്ടക്കാരായി മാറി. കര്‍ഷകര്‍ മാത്രം കഴിഞ്ഞിരുന്ന ആ ഗ്രാമത്തില്‍ അങ്ങനെ വേട്ടക്കാരുടെ എണ്ണവും കൂടി വന്നു. കുറെ നാളുകള്‍ കഴിഞ്ഞു. കര്‍ഷകര്‍ കൂട്ടം ചേര്‍ന്ന് തീരുമാനിച്ചു. ഈ നാട്ടില്‍ ഇനി അന്യനാട്ടില്‍ നിന്ന് വന്ന വേട്ടക്കാര്‍ വേണ്ട. നമ്മുടെ നാടുകാര്‍ മാത്രം മതി. ഇതറിഞ്ഞ കുടിയേറ്റക്കാര്‍ തക്കം പാത്തിരുന്നു, തിരിച്ചടിച്ചു. ഗ്രാമം ശിഥിലമാക്കി.
ഇത് പോലെയാണ് ഇന്നത്തെ പാകിസ്ഥാന്‍. പണ്ടെങ്ങോ ഏതോ ഒരു സ്വാര്‍ത്ഥ താല്പര്യത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ട ഒരു രാജ്യം. അന്ന് മുതല്‍ ഇന്നോളം സ്വന്തം ഭരണകക്ഷികളെയും അയല്‍ രാജ്യങ്ങളിലെ ഭരണകക്ഷികളെയും കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുന്നതില്‍ ഹരം കണ്ടെത്തിയിരുന്ന ഒരു കൂട്ടം രക്തദാഹികള്‍ ഒളിഞ്ഞിരിക്കുന്ന രാജ്യം. ജിന്ന മുതല്‍ ഭുട്ടോ കുടുംബം വരെ എത്തി നില്‍ക്കുന്ന രക്തക്കറ പുരണ്ട ചരിത്രം. അമ്മയെയും അച്ഛനെയും കണ്മുന്നില്‍ നഷ്ടപ്പെട്ട അനേകം അവകാശികള്‍ ഉള്ള ഭരണത്തിന്റെ നയതന്ത്രങ്ങള്‍. അവര്‍ക്ക് തന്നെ നഷ്ടമായ സ്വച്ഛമായ ജീവിതചര്യകള്‍. അമേരിക്കന്‍ ഭരണകൂടം രഹസ്യമായും പരസ്യമായും പിന്താങ്ങി വളര്‍ത്തിയ തീവ്രവാദ സംസ്കാരം നിറഞ്ഞ പാകിസ്ഥാന്‍, ഇതാണ് ഇന്നത്തെ പാകിസ്താന്‍. ശത്രുവിന്റെ ശത്രു മിത്രം എന്ന പഴയ ചാണക്യ സൂത്രം മുറുകെ പിടിച്ചു നടന്ന വര്‍ഷങ്ങളില്‍ എങ്ങോ അവര്‍ നട്ട് നനച്ച് വളര്‍ത്തിയ ഒരു വന്‍ വൃക്ഷമാണ് താലിബാന്‍. ഇന്ന്‍ പാകിസ്താനിലെ പെഷവാറില്‍ കുരുന്നുകളെ നിഷ്കരുണം കൊന്നൊടുക്കാന്‍ താലിബാന്‍ മുതിര്‍ന്നെങ്കില്‍ പാകിസ്ഥാന്‍ ഭരണകൂടം ചിന്തിക്കണം. അവരുടെ ഫലിക്കാതെ പോകുന്ന നയതന്ത്രങ്ങളെ കുറിച്ച്. അവര്‍ക്ക് നഷ്ടമായ വിശ്വാസ്യതയെ കുറിച്ച്.
ഇന്ത്യ എന്ന രാജ്യം അതിനെ അപലപിക്കുമ്പോഴും, അമേരിക്കയില്‍ ഹിലരി ക്ലിന്‍റണ്‍ പറയുന്ന അഭിപ്രായങ്ങള്‍ക്ക് മറുപടി നല്‍കാനാകാതെ പകച്ചു നില്‍ക്കുമ്പോഴും നിങ്ങള്‍ ഓര്‍ക്കേണ്ട ഒന്നുണ്ട്. നിങ്ങള്‍ വളര്‍ത്തിയ കുഞ്ഞിനെ നിങ്ങള്‍ തന്നെ ഇല്ലാതാക്കുന്നു. പകരം അവര്‍ നിങ്ങളുടെ സ്വന്തം കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്നു. ആ 132 കുഞ്ഞുങ്ങളെ നിങ്ങള്‍ ബലി കൊടുത്തു. മനുഷ്യത്വം തീര്‍ത്തും ഇല്ലാതെ, താലിബാനില്‍ ചേര്‍ന്ന് നിങ്ങളുടെ മക്കളെ അവര്‍ കൊന്നത് മലാലയ്ക്ക് സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം നല്‍കിയത് കൊണ്ടല്ല. നിങ്ങള്‍ പാകിയ വിഷവിത്ത് വളര്‍ന്നു വലിയ വൃക്ഷമായി എന്ന് അതിന്റെ ചില്ലകള്‍ ഘോഷിക്കുന്നതാണ്.
"കണ്ടില്ലേ, ഞങ്ങള്‍ സമാധാനത്തിനായി ശ്രമിച്ചവരെ ആദരിച്ചപ്പോള്‍ അവര്‍ അതിനോട് പ്രതികരിച്ചത് കണ്ടില്ലേ" എന്ന് കൂകി വിളിക്കുന്ന, ഒരു കാലത്ത് നിങ്ങളുടെ അടുത്ത ചങ്ങാതിയായിരുന്ന രാജ്യം ഇന്ന് നിങ്ങളെ നോക്കി പരിഹസിക്കുകയാണ്. ഇനിയും ബുദ്ധി വന്നിലെങ്കില്‍ നഷ്ടപ്പെടുന്നത് ഒരു രാജ്യത്തിന്‍റെ ഭാവി വാഗ്ദാനമായ കുരുന്നു ജീവനുകളെ ആയിരിക്കും. ചിന്താശേഷി തെല്ലും നഷ്ടമായിട്ടില്ലെങ്കില്‍, ഇതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുക. നിങ്ങളുടെ നാശത്തിനും, നിങ്ങളെ എന്നെന്നുക്കുമായി ഉന്മൂലനം ചെയ്യാനും കാത്തിരിക്കുന്ന കരാളഹസ്തങ്ങള്‍ക്ക് പിടികൊടുക്കാതിരിക്കുക.
ചരിത്രം എഴുതുന്നവര്‍ നിസ്സഹായരാണ്. സത്യം എന്നും മറച്ചു വെക്കപ്പെടും. അല്ലെങ്കില്‍ ചരിത്രം എഴുതുന്നവര്‍ എന്നൊന്നില്ല. അവര്‍ എഴുത്തുകാരാണ്. ശക്തമായ ഭരണകൂടങ്ങള്‍ ശരി വെക്കുന്നതിനെ മാത്രം പകര്‍ത്താന്‍ വിധിക്കപ്പെട്ടവര്‍. ചരിത്രത്തെ മാറ്റിയെഴുതാന്‍ ശ്രമിച്ചവരത്രയും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇതൊരു പക്ഷെ നിങ്ങള്‍ക്കാണ് നന്നായി അറിയുക. ഈ കൂട്ടകുരുതി തീര്‍ച്ചയായും ചരിത്രത്തില്‍ ഇടം നേടും. കാരണം ഇത് നിങ്ങള്‍ക്ക് നേരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെ ശരി വെക്കുന്നു. നിങ്ങള്‍ ഒളിച്ചു വെച്ച് എന്ന് പറയുന്ന ഭീകരവാദികള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നു. നാളെയുടെ പാകിസ്ഥാന്‍ എന്ത് എന്ന വരും തലമുറയുടെ ചോദ്യത്തിന് ലോകം നല്‍കുന്ന ഉത്തരം ഇതാണ്.
സ്വച്ചവും സുന്ദരവും ആയ ഒരു ഭൂപ്രകൃതി ഉണ്ടായിട്ടും, ആവശ്യത്തില്‍ കവിഞ്ഞ സമ്പാദ്യം ഉണ്ടായിട്ടും, ഇസ്ലാം എന്ന മനോഹരമായ ഒരു മതം നിങ്ങളുടെ അന്തര്‍ധാരയിലൂടെ ഒഴുകിയിട്ടും, ലോകത്തിനു മുന്‍പില്‍ പാകിസ്ഥാന്‍ എന്ന നാട് ഭീകരവാദികളുടെ ഒളിത്താവളം ആയത് എങ്ങനെയെന്ന്‍ ഇനിയെങ്കിലും ചിന്തിക്കുക. ആ ചെറു ശവകുടീരങ്ങള്‍ സ്മാരകങ്ങള്‍ ആണ്. ഓര്‍മ്മപ്പെടുത്തല്‍ ആണ്. കഴിഞ്ഞു പോയ കാലത്തില്‍ നിങ്ങള്‍ തുടങ്ങിയ യുദ്ധത്തിന്റെ നൊമ്പരപ്പെടുത്തുന്ന സ്മാരകങ്ങള്‍. ഇനിയിത് ആവര്‍ത്തിക്കാതിരിക്കട്ടെ. ആ കുഞ്ഞുങ്ങള്‍ക്കായി നിങ്ങള്‍ പ്രാര്‍ത്ഥിക്കണം എന്നില്ല. ചോര പുരണ്ട കൈകള്‍ പ്രാര്‍ഥനായുക്തമല്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുക. ചോരക്കറ പുരളാതിരിക്കാന്‍, സ്മാരകശിലകള്‍ ഉയരാതിരിക്കാന്‍.